ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ തുടരന്വേഷണം കേന്ദ്രീകരിക്കുന്നത് വിമാനത്തിന്റെ ക്യാപ്റ്റനിലേക്കെന്ന് അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട്. വിമാനത്തിന്റെ ക്യാപ്റ്റനാണ് ഇന്ധനനിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതെന്നാണ് അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോർഡറിലെ സംഭാഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. അപകടസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളെ അടിസ്ഥാനപ്പെടുത്തി അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ വിലയിരുത്തലിനെ ഉദ്ധരിച്ചാണ് മാധ്യമറിപ്പോർട്ട്.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം പുറത്തു വിട്ടിരുന്നു. വിമാനത്തിലെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഓഫായതു ശ്രദ്ധയിൽപ്പെട്ടയുടൻ ഒരു പൈലറ്റ് രണ്ടാമത്തെ പൈലറ്റിനോട് എന്തുകൊണ്ടാണ് സ്വിച്ചുകൾ ഓഫാക്കിയതെന്ന് ചോദിക്കുന്നതായും മറുപൈലറ്റ് താനങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏതു പൈലറ്റിന്റെ സംഭാഷണമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറാണ് വിമാനത്തിന്റെ ക്യാപ്റ്റനായ സുമീത് സബർവാളിനോട് എന്തുകൊണ്ടാണ് സ്വിച്ച് ഓഫാക്കിയതെന്ന ചോദ്യം ചോദിച്ചിട്ടുള്ളത്. ഫസ്റ്റ് ഓഫീസർക്ക് 3,403 മണിക്കൂറുകളും ക്യാപ്റ്റന് 15,638 മണിക്കൂറുകളുമാണ് വിമാനംപറത്തലിൽ പരിചയമുണ്ടായിരുന്നത്. കൂടുതൽ പറക്കൽ പരിചയമുണ്ടായിരുന്ന ക്യാപ്റ്റനായ സുമീത് സബർവാൾ സംഭവസമയത്തു ശാന്തനായിരുന്നുവെന്നും വിമാനംപറത്തിയിരുന്ന ക്ലൈവ് കുന്ദർ ആശ്ചര്യവും പരിഭ്രാന്തിയും പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിമാനത്തിന്റെ ക്യാപ്റ്റൻ സ്വിച്ചുകൾ ഓഫ് ചെയ്തതിനു തെളിവുകളൊന്നും അമേരിക്കൻ മാധ്യമം നൽകുന്നില്ല. അതിനിടെ ബോയിംഗ് 787-8 വിമാനത്തിന്റെ സാങ്കേതിക തകരാറിലേക്കും അന്വേഷണം നീളുന്നുണ്ട്. നിർദേശം നൽകാതെ ഇന്ധന സ്വിച്ചുകൾ ഓഫാകുന്നതിലെ സാധ്യതയിലേക്കും അന്വേഷണം നീളുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.